സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു അദ്ദേഹത്തിന്.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കൊല്ലം അഞ്ചൽ സ്വദേശിയായ അദ്ദേഹം സീരിയൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് പരമ്പരകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ സീരിയലുകളുടെ സംവിധായകൻ ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിൻ്റെ സീരിയലുകളൊക്കെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയായിരുന്നു.
ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സാന്ത്വനവും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും, സഹപ്രവർത്തകരും, പ്രേക്ഷകരും. സഹപ്രവർത്തകരെല്ലാം പ്രിയ സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘പ്രണാമം ചേട്ടാ, എന്ത് പറയണമെന്ന് അറിയില്ലെന്നും, ജീവിതത്തിൽ കൂടെ ചേർത്തു നിർത്തിയ ഓരോരുത്തരും കൺമുന്നിൽ നിന്നും പെട്ടെന്ന് മാഞ്ഞു പോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും, നിങ്ങളെക്കുറിച്ച് എന്താണ് നിങ്ങളെ കുറിച്ച് പറയേണ്ടതെന്ന് അറിയില്ലെന്നും,
അത്രമാത്രം എൻ്റെ അഭിനയജീവിതത്തിൽ അങ്ങ് ഒരു ഗുരുനാഥനായും, ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങയ്ക്ക് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണമെന്ന് അറിയില്ല. അങ്ങയുടെ കുടുംബത്തിന് എല്ലാം സഹിക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ’ എന്നാണ് ഉമാനായർ വേദനയോടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ലെന്നും, ഈശ്വരാ സഹിക്കാൻ പറ്റുന്നില്ലെന്നും, വാനമ്പാടിയിലെ ഭദ്രയും, ആകാശദൂതിലെ ജെസിയും ഈ കൈകളിൽ ഭദ്രമായിരുന്നുവെന്നും, സ്നേഹനിധിക്ക് വിട ‘ എന്നുമാണ് സീമാ ജി നായർ വേദനയോടെ കുറിച്ചിരിക്കുന്നത്. ആത്മമിത്രത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മനോജ്കുമാർ എത്തിയിരുന്നു. ‘എന്തു കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യ, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടു പോയല്ലോ.
എൻ്റെ വിഷമങ്ങൾ ഞാൻ ആരോട് പറയുമെന്നും, അതു കൊണ്ട് തന്നെ ആദരാഞ്ജലിയും പ്രണാമവും ഞാൻ മനപൂർവ്വം അർപ്പിക്കുന്നില്ലെന്നും, കാരണം നിങ്ങൾ എൻ്റെ ഉള്ളിൽ ജീവനോടെയും, ചൈതന്യത്തോടെയുമുണ്ടെന്ന് ഞാൻ വെറുതെ ഒന്ന് വിശ്വസിച്ചോട്ടെ. എന്തൊരു ലോകമാണ് ദൈവമേ ഇത്. എന്നായിരുന്നു മനോജ് കുമാറിൻ്റെ വേദന നിറഞ്ഞ വാക്കുകൾ.ആദിത്യൻ്റെ വിയോഗ വാർത്ത അറിഞ്ഞ് സഹപ്രവർത്തകർ വളരെ വേദനയോടെയാണ് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുന്നത്.