Radha Krishnan Mallika Viral Marriage : മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.അവരാണ് നമ്മുടെ അച്ഛനമ്മമാർ. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കൾ കുറവാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സിൽ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കൾ.
62 വയസ്സുള്ള അച്ഛൻ രാധാകൃഷ്ണന്റെ വധുവായി മക്കൾ തിരഞ്ഞെടുത്തത് 60 വയസ്സുള്ള മല്ലികയെയാണ്. ഒറ്റപ്പെടലിന്റെ വേദന തന്റെ അച്ഛൻ അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് മക്കളാണ് അച്ഛനുവേണ്ടി ഇത്തരം ഒരു കാര്യം ആലോചിക്കുന്നത്. ഒന്നരവർഷം മുൻപാണ് രാധാകൃഷ്ണന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മല്ലികയുടെ ഭർത്താവാകട്ടെ അഞ്ചു വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവില്ലാത്ത മല്ലികയുടെ ജീവിതവും ഒറ്റപ്പെടലിലായി. രാധാകൃഷ്ണക്കുറുപ്പിന് രശ്മി, രഞ്ജു, രഞ്ജിത്ത് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.
തന്റെ ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയമകൾ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേദന നിറഞ്ഞ ജീവിതം എന്താണെന്നു മനസിലാകുന്നത്. തൊട്ടടുത്ത ദിവസം വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ രഞ്ജു വിവാഹാലോചന തുടങ്ങി. ഇങ്ങനെയാണ് മാട്രിമോണിയിലൂടെ മല്ലികാകുമാരിയുടെ നമ്പർ രഞ്ജുവിനു ലഭിക്കുന്നത്. പുനർവിവാഹത്തിന് മല്ലികയുടെ ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ ഇരുവരുടെയും വിവാഹം പത്തനംതിട്ട കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നത്.
രാധാകൃഷ്ണനും മല്ലികയും ഇന്ന് ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ ഈ പ്രായത്തിൽ പരസ്പരം കൂട്ടാകാൻ കഴിഞ്ഞതിലും സ്നേഹം പങ്കുവെക്കാൻ കഴിഞ്ഞതിലും. ഹണിമൂണിന് ഡൽഹിയിൽ താജ്മഹൽ കാണാൻ പോകണമെന്നാണ് മല്ലികയുടെ ആഗ്രഹം. ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാധാകൃഷ്ണനും തയ്യാറാണ്. ഞങ്ങളുടെ അച്ഛനെ ഒറ്റപ്പെടലിന്റെ വേദനയിൽ കണ്ട മക്കളും ഇന്ന് ഏറെ സന്തോഷത്തിലാണ്. കാരണം അവരുടെ അച്ഛന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഇന്ന് അവർക്ക് കാണാം. തങ്ങളുടെ എത്തിയ മല്ലികയെയും മക്കൾ സ്വന്തം അമ്മയായി തന്നെയാണ് കാണുന്നത്. സമൂഹത്തിൽ കാണുന്ന സ്വാഭാവിക കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ ഈയൊരു ജീവിതത്തിന് നിരവധി ആളുകളാണ് ആശംസകൾ അറിയിക്കുന്നത്.