സ്റ്റേജ് ഷോകളിലൂടെയും സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച കലാകാരൻ കലാഭവൻ ഹനീഫ് അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം.58 വയസ്സായിരുന്നു പ്രായം.മിമിക്സ് പരേഡ് ആണ് താരത്തിന്റെ ആദ്യചിത്രം. സന്ദേശം,വെള്ളരിപ്രാവിന്റെ ചങ്ങാതി,
ഈ പറക്കും തളിക,കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. നൂറ്റി അൻപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളികളുടെ മനസ്സിൽ എപ്പോഴും ഉള്ള താരത്തിന്റെ കഥാപാത്രം പറക്കും തളികയിലെ മണവാളന്റെതാണ്. പറക്കും തളികയിൽ മേക്ക്ഓവർ ചെയ്ത് കല്യാണം കഴിക്കാൻ പോയ മണവാളനെ ആർക്കും മറക്കാൻ കഴിയില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച തമാശ രംഗങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു അത്.
കട്ടപ്പനയിലെ ഹൃതിക് റോഷനിൽ ശശി എന്ന പേര് എല്ലാവരും പരിഹസിക്കുന്നു എന്ന് പറഞ്ഞു സോമൻ എന്ന് പേര് മാറ്റിയ കഥാപാത്രം എന്നിങ്ങനെ എടുത്തു പറയാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങൾ ഉണ്ട് താരത്തെ എന്നും ഓർക്കാൻ.സ്കൂൾ പഠനകാലത്ത് തന്നെ മിമിക്രിയിൽ സജീവമായിരുന്ന താരം പിന്നീട് നാടകത്തിൽ സജീവമായി.
നാടക കലാകാരനായി തുടർന്ന താരം പിന്നീട് കലാഭവനിൽ എത്തിച്ചേരുകയും അറിയപ്പെടുന്ന മിമിക്രി കലാകാരനായി മാറുകയും ചെയ്യുകയായിരുന്നു കലാഭവനിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്.ജലധാര പമ്പ് സെറ്റ് ആണ് താരം അവസാനം അഭിനയിച്ച ചിത്രം.ഈ വർഷം ജനുവരിയിൽ ആയിരുന്നു താരത്തിന്റെ മകന്റെ വിവാഹം നടന്നത്. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസ യുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. ഭാര്യ വാഹിദ, മക്കൾ ഷാരുഖ് ഹനീഫ്, സിതാര ഹനീഫ്.