ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ രാധ എന്ന ഒരു ഗ്രാമീണ പെൺകുട്ടിയായി മലയാള സിനിമ പ്രേക്ഷകരെ തന്റെ നിഷ്കളങ്കത കൊണ്ടും അഭിനയമികവ് കൊണ്ടും അമ്പരപ്പിച്ച ആ നായികയെ ഓർമ്മയുണ്ടോ. ‘ഡാർലിംഗ് ഡാർലിംഗ്’ലെ പപ്പിയായും തിളക്കത്തിലെ അമ്മുവായും പെരുമഴക്കാലത്തിലെ ഗംഗയായും അനന്തഭദ്രത്തിലെ ഭദ്രയായുമെല്ലാം മലയാളികളെ ചിരിപ്പിച്ചും
വിഷമിപ്പിച്ചും അവരുടെ പ്രിയങ്കരിയായി മാറിയ കാവ്യ മാധവന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.1991-ൽ പുറത്തിറങ്ങിയ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കാവ്യ മാധവൻ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാവ്യ മാധവൻ 1999-ൽ ലാൽ ജോസ് ചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’
നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്നങ്ങോട്ടുള്ള പത്ത് വർഷത്തോളം കാലം മലയാള സിനിമയിൽ കാവ്യ മാധവൻ കാലഘട്ടം എന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ്. 2009-ൽ വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തെങ്കിലും, വിവാഹ ബന്ധം വേർപെടുത്തിയതിനുപിന്നാലെ 2011 മുതൽ കാവ്യാ മാധവൻ വീണ്ടും സിനിമയിൽ സജീവമായി. ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’, ‘ഗദ്ദാമ’, ‘ബാവൂട്ടിയുടെ നാമത്തിൽ’ തുടങ്ങിയ വൻ ചിത്രങ്ങളുമായിയാണ്
കാവ്യ മാധവൻ രണ്ടാമതൊരു തിരിച്ചുവരവ് നടത്തിയത്. പിന്നീടും, ചില ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവൻ സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ്. ദിലീപിന്റെ നായികയായി 2016-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ മാധവൻ അവസാനമായി അഭിനയിച്ചത്. അഭിനയ ജീവിതത്തിനിടെ ‘പെരുമഴക്കാലം’, ‘ഗദ്ദാമ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കാവ്യ നേടിയിട്ടുണ്ട്.